---
title: "കനത്ത മഴയിൽ പാനൂരിൽ ഒമാസ് ഹോട്ടലിന്റെ മതിൽ ഇടിഞ്ഞുവീണു ; സ്കൂളിനും അംഗൻവാടിക്കും ഭീഷണി, അവധി"
english_title: "Wall of Omas Hotel in Panur collapses amidst heavy rain; school and Anganwadi face threat, declared closed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370867/Wall of Omas Hotel in Panur collapses amidst heavy rain; school and Anganwadi face threat, declared closed"
published_at: "2026-07-07T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c70f655921_1001312269.jpg"
keywords: []
---

# കനത്ത മഴയിൽ പാനൂരിൽ ഒമാസ് ഹോട്ടലിന്റെ മതിൽ ഇടിഞ്ഞുവീണു ; സ്കൂളിനും അംഗൻവാടിക്കും ഭീഷണി, അവധി

> **Lead Summary:** കനത്ത മഴയെ തുടർന്ന് പാനൂരിനടുത്ത് പൂക്കോത്തെ ഒമാസ് റസ്റ്റോറന്റിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണു. മതിൽ തകർന്നുവീഴുന്നതിനിടെ സമീപത്തെ ഒരു വൈദ്യുതി പോസ്റ്റും തകർന്നു. പ്രദേശത്ത് വൈദ്യുതി വിതരണത്തെയും ഇത് ബാധിച്ചു.

## Article Content

കനത്ത മഴയെ തുടർന്ന് പാനൂരിനടുത്ത് പൂക്കോത്തെ ഒമാസ് റസ്റ്റോറന്റിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണു. മതിൽ തകർന്നുവീഴുന്നതിനിടെ സമീപത്തെ ഒരു വൈദ്യുതി പോസ്റ്റും തകർന്നു. പ്രദേശത്ത് വൈദ്യുതി വിതരണത്തെയും ഇത് ബാധിച്ചു.

മതിൽ ഇടിഞ്ഞതോടെ സമീപത്തുള്ള ഇരഞ്ഞിക്കുളങ്ങര എൽ.പി. സ്കൂൾ, അംഗൻവാടി, പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാല എന്നിവയ്ക്ക് ഭീഷണിയുണ്ടായി. അപകടസാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി ഇരഞ്ഞിക്കുളങ്ങര എൽ.പി. സ്കൂളിനും അംഗൻവാടിക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

സംഭവമറിഞ്ഞ് അധികൃതരും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തകർന്ന വൈദ്യുതി പോസ്റ്റ് മാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് പ്രദേശത്ത് മണ്ണിടിച്ചിലും മതിൽ തകർച്ചയും ഉൾപ്പെടെയുള്ള അപകടസാധ്യത വർധിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ദുര്ബലമായ കെട്ടിടങ്ങൾക്കും സംരക്ഷണ മതിലുകൾക്കും സമീപം അനാവശ്യമായി നിൽക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370867/Wall of Omas Hotel in Panur collapses amidst heavy rain; school and Anganwadi face threat, declared closed)